കലാമണ്ഡലം ഗീതാനന്ദൻ ഇനി ഓർമ്മ | Oneindia Malayalam

2018-01-29 7,474

അരങ്ങില്‍ ഉടയാടകളോടും മുഖത്തെ ചായത്തോട് കൂടിയുമാവണം ജീവിതത്തിന് തിരശ്ശീല വീഴുന്നതെന്നായിരുന്നു ഓട്ടന്‍തുള്ളല്‍ ആചാര്യന്‍ കലാമണ്ഡലം ഗീതാനന്ദന്‍ ആഗ്രഹിച്ചിരുന്നത്. അത് തന്നെയാണ് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ വേദിയില്‍ സംഭവിച്ചത്. കലാമണ്ഡലം ഗീതാനന്ദന്റെ ഏറ്റവും പ്രസിദ്ധമായ കല്യാണ സൗഗന്ധികം തുള്ളലിനിടെയായിരുന്നു മരണം.വേദിയില്‍ കുഴഞ്ഞ് വീണ ഗീതാനന്ദനെ ആശുപത്രിയില്‍ എത്തിച്ചിവെങ്കിലും രക്ഷിക്കാനായില്ല. തുള്ളലിലെ ഒരു രംഗം അവതരിപ്പിച്ച് തീര്‍ത്തത് പോലെയായിരുന്നു ആ മരണം. 30 വര്‍ഷത്തിലധികമായി ഗീതാന്ദന്റെ നിഴലായി കൂടെ നടക്കുന്ന ഇടയ്ക്കവാദകന്‍ തൃശൂര്‍ കൃഷ്ണകുമാര്‍ ആ രംഗം വേദനയോടെ പങ്കുവെയ്ക്കുന്നു.കലാമണ്ഡലം ഗീതാനന്ദന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്തിട്ടുള്ളതാണ് കല്യാണസൗഗന്ധികം തുള്ളല്‍. ഗീതാനന്ദന് തന്നെയും ഏറ്റവും പ്രിയപ്പെട്ടതും കല്യാണ സൗഗന്ധികം തന്നെ. അവിട്ടത്തൂരിലായത് കൊണ്ട് ആയിരക്കണക്കിന് പേര്‍ കാണുമെന്നും വ്യത്യസ്തമായ അനുഭവം അവര്‍ക്ക് നല്‍കണമെന്നും കളി തുടങ്ങുന്നതിന് മുന്‍പ് ഗീതാനന്ദന്‍ കൂടെ ഉള്ളവരോട് പറയുകയുണ്ടായി.